റിയാദ്: വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ അടുത്ത കാലത്ത് സജീവ ചർച്ചയ്ക്ക് വിധേയമായ ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ "ആരുടെ രാമൻ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ട് ചില്ലയുടെ നവംബർ വായനയ്ക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു.
വാൽമീകി രാമായണം, മഹാഭാരതം, അദ്വൈതവേദാന്തം, അര്ഥശാസ്ത്രം, താന്ത്രികവിദ്യ, ധർമശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിർവഹിച്ചു.
2025ലെ വയലാർ അവാർഡ് നേടിയ ഇ. സന്തോഷ് കുമാർ രചിച്ച തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. അഭയാർഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി മനുഷ്യ ബന്ധങ്ങളുടെ സങ്കീർണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവൽ വായിക്കാനുള്ള താല്പര്യം ശ്രോതാക്കൾക്ക് പകർന്നു നൽകാൻ ജോമോൻ സ്റ്റീഫന് കഴിഞ്ഞു.
വി. ഷിനിലാൽ എഴുതിയ "സമ്പർക്കക്രാന്തി' നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവച്ചു. വർത്തമാനകാല ഇന്ത്യയിലെ യാഥാർഥ്യങ്ങളെ വരച്ചു കാട്ടാൻ ഷിനിലാലിന് കഴിഞ്ഞെന്ന് നജീം പറഞ്ഞു.
ബംഗാളിലെ രാഷ്ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തിൽ മിഥുൻ കൃഷ്ണ രചിച്ച "അപര സമുദ്ര' എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു.
വായനയ്ക്ക് ശേഷം നടന്ന ചർച്ചയ്ക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. സബീന എം. സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.